ചില അനർഘ നിമിഷങ്ങളിൽ ഉണ്ടായ സുന്ദര അനുഭൂതികൾ കവിതാ രൂപത്തിൽ പ്രവഹിക്കുന്ന ഈ സമാഹാരം മലയാള സാഹിത്യത്തിന് ഒരു ചൂടാമണിയും മുതൽക്കൂട്ടും ആയി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു
കാശീപുരാധീശ്വരീ ഭിക്ഷാംദേഹി
കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ...
അവധിക്കാലങ്ങളിൽ ശ്രീവില്ലയിൽ താമസിച്ചിരുന്ന ഓരോ ദിവസവും തുടങ്ങുന്ന ത് അമ്മൂമ്മയുടെ നാമജപം കേട്ടുകൊണ്ടാണ്.സൂര്യോദയത്തിനു മുൻപ് തന്നെ കുളിച്ച് അലക്കിത്തേച്ച മുണ്ടും നേര്യതുമണിഞ്ഞ് നെറ്റിയിൽ ചന്ദനപ്പൊട്ടും ഭസ്മക്കുറിയും ചാർത്തി നേരെ മണപ്പുള്ളിക്കാവിലേക്ക്....
അമ്മൂമ്മയൂടെ മനോഹരമായ ഫോട്ടോ കണ്ടപ്പോൾ പെട്ടെന്ന് പഴയകാലസ്മരണകൾ മനസ്സിലേക്കിരമ്പി വന്നു...
നമ്മുടെ കൊച്ചു കൊച്ചാഗ്രഹങ്ങൾക്കും കുട്ടിക്കുറുമ്പുകൾക്കും എന്നുമെന്നും കൂട്ടായി നിന്നിരുന്ന നമ്മുടെ പ്രിയപ്പെട്ട അമ്മൂമ്മ.... കുട്ടിബ്യൂട്ടീഷ്യൻമാരായിരുന്ന നമ്മുടെ സൗന്ദര്യപരീക്ഷണങ്ങൾക്കും കേശാലങ്കാരപരീക്ഷണങ്ങൾക്കും മോഡൽ ആവാനും, സിനിമയ്ക്ക് കൂട്ടുവരാനുമെല്ലാം സദാ തയ്യാറായിരുന്നു അമ്മൂമ്മ. സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ....!
അമ്മൂമ്മയുടെ സ്നേഹവാൽസല്യങ്ങൾ നുകർന്ന് കഥകൾകേട്ടുറങ്ങാൻ നമ്മൾ മൽസരിച്ചിരുന്ന ആ നാളുകൾ...പുരാണകഥകളിലെ ഇതിഹാസപുരുഷൻമാരുടെയും വീരാംഗനമാരുടെയും സുന്ദര ചിത്രങ്ങൾ മനസ്സിലാദ്യം കോറിയിട്ടത് അമ്മൂമ്മ....
ലാളിത്യമാർന്ന ആ ജീവിതശൈലി..നർമരസം തുളുമ്പുന്ന സംസാരം..അമ്മൂമ്മയുടെയും അമ്മാവൻെറയും തമാശകൾ കേട്ടാർത്തു ചിരിക്കുന്ന നമ്മുടെ പൊട്ടിച്ചിരികൾ, ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു...
അലക്കിത്തേച്ച മുണ്ടിൻെറയും ചന്ദനത്തിൻെറയും ഗൃഹാതുരത്വമുളവാക്കുന്ന ആ സുഗന്ധം ഇപ്പോഴും ഇവിടെയെല്ലാം തങ്ങിനിൽക്കുന്നതു പോലെ...
മധുരതരമായ ആ സ്മൃതികളിൽ മനസ്സ് സ്നേഹാർദ്രമാകുന്നൂ....
--❊--
കണ്ടുകണ്ടങ്ങിരിക്കാൻ തോന്നീടും
പൂന്തിങ്കളാം നിൻ മുഖമതിൽ
പൂവിതൾ പോൽ കപോലങ്ങളും
താരകൾ ചിമ്മും മിഴികളും
കാർവർണ്ണമാർന്ന കുറുനിരകളും
അമ്പാടിക്കണ്ണൻ തന്നനുഗ്രഹാൽ
കൺമണീ വിളങ്ങീടു നീ
എന്നുമെന്നും
അമ്മതന്നോമനപ്പൈതലായ്...
--❊--
കൈവിരലിൻ രുചി പോരാഞ്ഞാണോ
ആലിലക്കണ്ണൻ മാധവനുണ്ണി
കുഞ്ഞിക്കാൽവിര
ലീമ്പി രസിപ്പൂ....
--❊--
ഈറൻ പീലിച്ചുരുൾമുടി
കൊതിയൊതുക്കിയപ്പോൾ
കൈവന്നല്ലോ
മാധവൻകുട്ടിക്കാഹാ..
പുതിയ മുഖം...!!
--❊--
ആയാസമേറിയ ഗാനം
ശ്രുതിമധുരമായ്
കണ്ണുകൾക്കും കാതുകൾക്കും പുളകമായ്
അനായാസം ആലപിച്ച
പ്രിയപ്പെട്ട അംബികാ
നിനക്കഭിനന്ദനത്തിൻ
പൂച്ചെണ്ടുകൾ
മാറ്റമെന്നുള്ളതൊന്നു മാത്രം
മാറ്റമില്ലാതുള്ളൂ
മാറുമീ പ്രപഞ്ചത്തിൽ..
മാറ്റമെന്നുള്ളതില്ലായ്കിൽ
വളർച്ചയറ്റു പോം
മാനവൻ തൻ ജീവിതം...
മാറ്റമതുളവാക്കും തീവ്രനൊമ്പരം സഹിക്ക നാം
വെടിഞ്ഞീടുകലംഭാവം
മാറ്റൊലി മുഴക്കി
ക്കയറുക നാം
വികാസത്തിൻ പടവുകൾ..
--❊--
ജ്യേഷ്ഠൻ തൻ മടിത്തട്ടിൽ
ശയിക്കുന്നിതനുജനും,
ചുറ്റിലും നോക്കുന്നു
വാച്ച കൗതുകത്താൽ..
ജ്യേഷ്ഠനോ മന്ദസ്മിതം പൂണ്ട
ങ്ങിരിക്കുന്നു കൃതകൃത്യനായ്!
ഉള്ളത്തിൽ നുരപൊന്തുന്നൂ
രാഗത്തിൻ തിരമാലകൾ..
ചിത്രമിതെത്ര
മനോജ്ഞം സുന്ദരം
--❊--
ഹാ..കൺകൾക്കിന്നമൃതമായ്
കുസൃതി തുളുമ്പും നിൻ നോട്ടവും
മധുരതരമാം നറുപുഞ്ചിരിയും...
--❊--
മഞ്ഞക്കുപ്പായമണിഞ്ഞോ-
മൽക്കുരുന്നുകളിവർതൻ
കോമള രൂപമിതു കാൺകെ
മഞ്ഞിൻ കണികകൾ
പെയ്യും പോൽ
മനം കുളിർക്കുന്നൂ...
നുരയുന്നിതാഹ്ലാദം ഹൃത്തിൽ
കളങ്കമറ്റിവർ തൻ
കളിചിരികളാൽ...
--❊--
അമ്പരപ്പാർന്നു നോക്കുന്നതെന്തു നീ,
പീലിക്കണ്ണുകൾ വിടർത്തി
എന്തു നിന്നോമൽ ശ്രദ്ധയാകർഷിച്ചിതു
പാറിപ്പറക്കും പൂമ്പാറ്റകളോ
തത്തിക്കളിക്കും പൊൻതുമ്പികളോ
അതോ ഏട്ടന്റെ കുട്ടിക്കുറുമ്പുകളോ...😍
നിൻ കുഞ്ഞുമനസ്സിൽ
മുളയിട്ട ചിന്തയതെന്താവാ
മെന്നൊരു ക്ഷണം ഓർത്തു
പോകുന്നു ഞാനും
--❊--
On a song by Rashmi
നിദ്ര തൻ ചിറകിലേറിടട്ടെ ഞാനിനി,മധുരതരമാം സ്വരത്തിൽ നീ പാടിയകൃഷ്ണസ്തുതിയും നെഞ്ചിലേറ്റി,പറന്നിറങ്ങട്ടെ ആ സുന്ദരസ്വപ്നതീരത്തിൽ
--❊--
On Rosh's first song
ഇവിടെ പിറവിയെടുക്കുന്നൂ
പുതിയൊരു ഗായിക..💐
ഇക്കാലമത്രയും ചിപ്പി തന്നുള്ളിൽ ഒളിച്ചിരുന്ന
മുത്തിന്നിതാ
പ്രകടമാകുന്നൂ ബാഹ്യ ലോകത്തിനു
നവ ശോഭയോടെ...!!
അനുഗ്രഹവർഷം ചൊരിയട്ടെ വാണീദേവി..
കാലങ്ങളായ് നിന്നിൽ
അന്തർലീനമായിരുന്ന
സംഗീത വാസന
വജ്രം കണക്കെ ചെത്തി മിനുക്കി
പ്രകാശിതമാവട്ടെ
നിരന്തര പ്രയത്നത്താൽ..
നിൻ മധുരഗാനാലാപം
കാതുകൾക്കിമ്പമേകട്ടെ
വരും കാലങ്ങളിൽ...
--❊--
On Madhav and Shiv playing with each other
കാലേയുണർന്നപ്പോൾ
കണ്ണുകൾക്കുത്സവമായ്
കാതിന്നു തേൻമഴയായ്
കുഞ്ഞോമനകൾതൻ കളിചിരികൾ...
ഒന്നുമേയിനി വേണ്ട മധുരതരമാക്കുവാനീ ദിനം😍
കൽമഷം കലർന്നൊരീ ലോകത്തിൽ
കൽമഷമകന്നോമൽക്കുരുന്നുകളിവർ
ദൈവത്തിൻ കയ്യൊപ്പ്
ലഭിച്ചവരല്ലോ..
--❊--
ഗുരുത്തമെന്ന മൂന്നക്ഷര
മതില്ലായ്കിൽ വ്യർത്ഥമല്ലോ
പാണ്ഡിത്യം പണ്ഡിതനും
ശൂരനു ശൗര്യവും...
--❊--
സത്യവ്രതനാം കർമ്മധീരൻ,
അചഞ്ചലനായ്, നിർഭയനായ്
അഹിംസതന്നായുധവുമേന്തി
പോരാടി നമുക്കേകി
സ്വാതന്ത്ര്യത്തിൻ മധുരാമൃതം...
--❊--
കുങ്കുമം ചാലിച്ച തൃസന്ധ്യയിൽ
മഹാദേവൻ തൻ തിരുനടയിൽ
ദീപം തെളിയിക്കും സുന്ദരീ...
ദീപപ്രഭയാൽ പ്രോജ്ജ്വലിക്കും നിൻ മുഗ്ദ്ധ വദനം
മറച്ചുവല്ലോ നീ മൂടുപടത്തിനാൽ...😔
നഷ്ടമായ് വന്നല്ലോ നേത്രങ്ങൾക്കു
സ്നിഗ്ദ്ധസുന്ദരമീ കാഴ്ച....
--❊--
Copyright © 2021 Rajani's Musings, a property of Rajani Vijayakumar. All Rights Reserved.
Content owned by Rajani Vijayakumar